കോങ്ങാട് മണ്ഡലത്തിലെ ഒരു സ്‌കൂളിന്
ആധുനിക സൗകര്യങ്ങളോടെ സിന്തറ്റിക് ട്രാക്ക്
സ്‌കൂളുകള്‍ക്ക് കൂടുതല്‍ കമ്പ്യൂട്ടറുകള്‍
എം.എല്‍.എയുമായുള്ള സംവാദം വികസന ചര്‍ച്ചയായി മാറി
കരിമ്പ:വിദ്യാര്‍ത്ഥികളുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കാന്‍ കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് സ്വന്തം ബസ്സ് അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്ന് കെ.വി.വിജയദാസ് എം.എല്‍.എ അറിയിച്ചു.സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടന്ന സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി റിന്‍ഷ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സ്വന്തമായി ബസ്സ് ഇല്ലാത്ത കാര്യവും വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നവും റിന്‍ഷ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി.മറ്റു നിയോജകമണ്ഡലങ്ങള്‍ക്കു മാതൃകയാക്കാവുന്ന ഏതെങ്കിലും സ്വപ്‌നപദ്ധതികള്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുമോ എന്ന ചോദ്യവുമായി ഷിബില എത്തിയപ്പോള്‍ അതിനെ കൃത്യമായ മറുപടിയോടെയാണ് എം.എല്‍.എ എതിരേറ്റത്.സ്വപ്‌നപദ്ധതികളല്ല തന്റെ ഉന്നമെന്നും യാഥാര്‍ത്ഥ്യമാകുന്ന പദ്ധതികള്‍ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.കോങ്ങാട് മണ്ഡലത്തില്‍ ഒരു സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കലാണ് യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.ഒളിമ്പിക്‌സ് പോലുള്ള ലോക കായിക മത്സരങ്ങളില്‍ ഇന്ത്യ നേരിടുന്ന തിരിച്ചടികള്‍ വിലയിരുത്തുമ്പോള്‍ മെച്ചപ്പെട്ട കായിക സൗകര്യങ്ങള്‍ സ്‌കൂള്‍തലം മുതല്‍ നടപ്പാക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും.സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുള്ള ഒട്ടേറെ കുട്ടികള്‍ സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെ പിന്തള്ളപ്പെട്ടുപോകുന്നു.ഇതിന് മാറ്റം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സ്‌കൂളിന്റെ ആവശ്യങ്ങള്‍ നിരത്തി
ചെയര്‍പേഴ്‌സണ്‍ അമല ബെന്നി
കരിമ്പ:സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതിനുശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ എം.എല്‍.എയുമായി സംവദിക്കാന്‍ ലഭിച്ച അവസരത്തില്‍ ചെയര്‍പേഴ്‌സണ്‍ അമലബെന്നി സ്‌കൂളുമായി ബന്ധപ്പെട്ട അക്കാദമിക് കാര്യങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിഷയവുമാണ് ഉന്നയിച്ചത്.വിജയശതമാനത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന സ്‌കൂള്‍ എന്ന നിലക്ക് കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന ലഭിക്കണമെന്ന ആവശ്യമാണ് അമല പ്രധാനമായും അവതരിപ്പിച്ചത്.ഓഡിറ്റോറിയം ഇല്ലാത്ത പ്രശ്‌നവും ആണ്‍കുട്ടികളുടെ ടോയ്‌ലെറ്റിന്റെ അവസ്ഥയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.കമ്പ്യൂട്ടറുകളുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാന്‍ ശ്രമിക്കണം എന്ന അഭ്യര്‍ത്ഥനക്ക് എം.എല്‍.എയില്‍ നിന്ന് അനുകൂലമായ മറുപടിയും അപ്പോള്‍ത്തന്നെ ലഭിച്ചു.പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് കൂടടുതല്‍ കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുമെന്ന് എം.എല്‍.എ അറിയിച്ചു.എത്രയും വേഗം അതിനുള്ള നടപടികള്‍ ആരംഭിക്കും - അദ്ദേഹം പറഞ്ഞു.സി.ടു.എയിലെ വിദ്യാര്‍ത്ഥി ജിഷ്ണു ലൈബ്രറിയുടെ വികസനകാര്യത്തെക്കുറിച്ചാണ് പരാമര്‍ശിച്ചത്.ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കുമെന്ന് എം.എല്‍.എ ഉറപ്പും നല്‍കി.
രേഷ്മ.പി.ആര്‍
No comments:
Post a Comment