പാലക്കാട്:പാലക്കാടിന്റെ പ്രിയപ്പെട്ട എം.പിയായ എം.ബി.രാജേഷ് തന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്തെ ഓര്‍ത്തെടുക്കുന്നത് ജീവിതത്തില്‍ ഏറ്റവും മികച്ച അനുഭവങ്ങള്‍ തന്ന കാലമെന്ന നിലക്കാണ്.അതിന്റെ ഭാഗമായ കലോല്‍സവങ്ങളും വിദ്യാര്‍ത്ഥി രാഷ്ടീയത്തിന്റെ തലപ്പത്ത് വിരാജിച്ചതും ഇപ്പോള്‍ ഒരു എം.പി എന്ന നിലയില്‍ തനിക്ക് ശോഭിക്കാനായതിന്റെ പലവിധ കാരണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.2018ലെ പാലക്കാട് ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഈ വേളയില്‍ അദ്ദേഹം വിദ്യാര്‍ത്ഥി ജീവിതത്തില്‍ പകര്‍ന്നു കിട്ടിയതും സ്വാംശീകരിച്ചതുമായ അനുഭവങ്ങളെ കരിമ്പ ടൈംസിനുവേണ്ടി വായനക്കാരുമായി പങ്കുവെക്കുന്നു.
സ്‌കൂള്‍ പഠനകാലത്തെ കലോല്‍സവ ഓര്‍മ്മകള്‍ ഇന്നും ഉന്മേഷദായകമാണ്.കലോല്‍സവങ്ങളില്‍ സജീവമായിരുന്നു.കഥാരചന,ക്വിസ്,പ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍ക്ക് തുടര്‍ച്ചയായി മൂന്നു വര്‍ഷവും സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.ക്വിസ് മല്‍സര്തതില്‍ ജില്ലാ തലത്തിലും വിജയിയായി.കോളേജ് പഠനകാലത്ത് ക്വിസ്,പ്രബന്ധരചന,പ്രസംഗം മല്‍സരങ്ങളില്‍ തിളങ്ങാനായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ക്വിസ് മല്‍സരത്തില്‍ യൂണിവേഴ്‌സിറ്റിതല വിജയിയായിരുന്നു.
കോളേജ് പഠനകാലത്തെ ഇന്റര്‍സോണ്‍ കലോല്‍സവങ്ങള്‍ക്ക് പങ്കെടുത്തത് രസമുള്ള ഓര്‍മ്മയാണിന്നും.കേവലം ഒരു മല്‍സരാര്‍ത്ഥി എന്ന നിലയില്‍ മാത്രമല്ല സംഘാടകന്റെ റോളിലായിരുന്നു അധികവും.ഇന്റര്‍സോണിനെ വരവേല്‍ക്കാന്‍ രാപകലില്ലാത്ത അധ്വാനം തന്നെയായിരുന്നു.കോളേജില്‍ത്തന്നെ താമസിച്ച്,ഒരുമിച്ച് ഭക്ഷണം കഴിച്ച്,എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്ന്,മുന്‍നിരയില്‍ നിന്ന് അങ്ങനെ ഒരു വിദ്യാര്‍ത്ഥിയുടെ എല്ലാ എനര്‍ജിയും ഉപയോഗിച്ച കാലം.പി.ജി പഠനകാലത്ത് രണ്ടു തവണ പാലക്കാട് ഇന്റര്‍സോണ്‍ നടക്കുകയുണ്ടായി.കലോല്‍സവ സംഘാടനം വലിയൊരു ഉത്തരവാദിത്തവും അതേസമയം സംഘാടകന്‍ എന്ന നിലയില്‍ ആത്മവിശ്വാസം നല്‍കുന്ന ഒന്നുമാണ്.
പ്രസംഗിക്കാനുള്ള അഭിരുചി ചെറുപ്പം മുതലേ ഉണ്ടായിരുന്നു.സ്‌കൂള്‍ കാലത്തെ സാഹിത്യസമാജം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അധ്യാപകരില്‍ നിന്ന് കിട്ടിയ പിന്തുണ ഇതിനൊക്കെ വലിയൊരളവില്‍ സഹായിച്ചു.വായനാശീലം ചെറുപ്പം മുതലേ പിടികൂടിയിരുന്നു.പ്രസംഗത്തിന് ശക്തിയും കരുത്തും കാമ്പും പകര്‍ന്നുതന്നത് യഥാര്‍ത്ഥത്തില്‍ വായന തന്നെയാണ്.വിദ്യാര്‍ഥിസംഘടനയിലൊക്കെ പ്രവര്‍ത്തിച്ചതുകാരണം പ്രസംഗം ഒരു ശീലമായി മികച്ച പ്രസംഗങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങള്‍,കവിതാശകലങ്ങള്‍,ചെറിയ തമാശകള്‍ അങ്ങനെ കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ സഹായിച്ചിട്ടുണ്ട്.
എങ്ങനെയൊക്കെ നിര്‍വ്വചിക്കാന്‍ ശ്രമിച്ചാലും പുതിയ കാലത്തെ കലോല്‍സവങ്ങള്‍ മല്‍സര സ്വഭാവമുള്ളവ തന്നെയാണ്.അതിന് ഇനിയും മാറ്റം വരണം.കലോല്‍സവങ്ങളില്‍ വിജയിച്ചില്ലെങ്കില്‍ താന്‍ പിന്തള്ളപ്പെട്ടു എന്ന തോന്നല്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്നുണ്ട്.
വിദ്യാഭ്യാസം കെട്ടി നിര്‍ത്തിയ ജലാശയം പോലെയാകരുത് എന്നാണ് അഭിപ്രായം.അതിന് മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കണം.ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മാത്രമല്ല ബോധനരീതികളും കരിക്കുലവും സിലബസും കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്.അധ്യാപകര്‍ മാര്‍ഗ്ഗദര്‍ശി മാത്രമായിരിക്കണം.അധ്യപകനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന കൂട്ടായ പ്രവര്‍ത്തനമാകണം പഠനം.
പഠനത്തില്‍ എന്നും മുന്‍നിരയില്‍ നിന്നുകൊണ്ടു തന്നെയാണ് താന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് വന്നത്.സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ പ്രീ പ്രൈമറി കുട്ടികളുടെ മുതല്‍ മെഡിക്കല്‍,എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ വരെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടി വന്നിട്ടുണ്ട്.ഇതില്‍ നിന്നെല്ലാ ആര്‍ജ്ജിച്ചെടുത്ത ആത്മവിശ്വാസമാണ് എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം നല്‍കുന്നത്.
തയ്യാറാക്കിയത്
നാംഷിത.എസ്
ഭവ്യ.കെ.യു
അന്‍സില്‍ ഹനീഫ്
No comments:
Post a Comment