Sunday, July 7, 2019

നാടകം,പാട്ട്,പിന്നെ പ്രസംഗം

നാടകനടനായും പ്രാസംഗികനായും തിളങ്ങിയ കോളേജ് കാലത്തെക്കുറിച്ചാണ് മണ്ണാര്‍ക്കാടിന്റെ എം.എല്‍.എ അഡ്വ.എന്‍.ഷംസുദ്ദീന് പറയാനുള്ളത്.ഒരു പൊതുപ്രവര്‍ത്തകനായി മാറും മുന്‍പ് തന്റെ വ്യക്തിത്വത്തെ ഏറെ രൂപപ്പെടുത്തിയ കലാ - സാഹിത്യവഴികളെക്കുറിച്ച് അദ്ദേഹം കരിമ്പ ടൈംസിനോട് ഉള്ളു തുറക്കുന്നു.

സ്‌കൂള്‍ കലോല്‍സവാനുഭവങ്ങളാണ് എന്റെ ഓര്‍മ്മയിലെത്തുന്ന ആദ്യ കലോല്‍സവാനുഭവങ്ങള്‍.നാടകം,പാട്ട്,പ്രസംഗം എന്നിവയായിരുന്നു എന്റെ മേഖല.എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിലഭിനയിച്ചത്.വനരോദനം,ചക്ക്,വിത്ത്,ദീപം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു.സാമൂഹ്യപ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന നാടകങ്ങളായിരുന്നു മിക്കതും.ചക്ക് എന്ന നാടകം ജനാധിപത്യ ഭരണ സംവിധാനവുമായി ബന്ധപ്പെട്ടതായിരുന്നു.സ്‌കൂള്‍ ജീവിതം പിന്നിട്ട് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോളും നാടകാഭിനയം തുടര്‍ന്നു.പ്രസംഗത്തില്‍ ഒന്നാം സ്ഥാനം.പ്രീഡിഗ്രിക്ക് പഠിച്ച കോളേജിലെ നാടകത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.അതിനു ശേഷം തിരൂരില്‍ തുഞ്ചന്‍ നാടകോത്സവത്തില്‍ തുഞ്ചന്‍ കോളേജിനെ പ്രതിനിധീകരിച്ച് അവിടെയും നാടകം അവതരിപ്പിച്ചു. ഡിഗ്രിക്ക് പഠിക്കുന്നത് തിരൂരങ്ങാടി കോളേജിലാണ്.അവിടെ ചെല്ലുമ്പോഴേക്കും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്കൊക്കെ വന്നു.സംഘടനയുടെ ഭാരവാഹിത്വത്തിലേക്കുമെത്തി.താമസിയാതെ ജില്ലാ സെക്രട്ടറിയുമായി.പിന്നെ കലോല്‍സവങ്ങളുടെ സംഘാടക വേഷത്തിലാണ് എത്തിയത്.ഡിഗ്രി ഫസ്റ്റ് ഇയറില്‍ പഠിക്കുമ്പോള്‍ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു.3000ത്തോളം കുട്ടികള്‍ പഠിക്കുന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ കലാതല്‍പ്പരരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ മല്‍സരങ്ങള്‍ക്കു പ്രാപ്തരാക്കുക എന്ന ദൗത്യം ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയെന്ന നിലയില്‍ ഏറ്റെടുക്കേണ്ടി വന്നു.ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ ആ വര്‍ഷം ചാമ്പ്യന്‍ പട്ടം നേടാനായി.

കലാകാരനല്ലെങ്കിലും നല്ലൊരു കലാസ്വാദകനാണ് താന്‍.പാട്ട് നല്ല ഇഷ്ടമാണ്.എല്ലാതരം പാട്ടുകളും ഇഷ്ടമാണ്.ലളിതഗാനമാണ് കൂടുതല്‍ ഇഷ്ടം എന്നാലും ഹിന്ദിഗാനങ്ങളും ഗസലുകളും ആസ്വദിക്കാറുണ്ട്.


നാടകം,പാട്ട്,പിന്നെ പ്രസംഗം


തയ്യാറാക്കിയത്

ബേബി ഷെറീന
ഷബാനാ ജാസ്മിന്‍.കെ.വി
ഷബാലാ യാസ്മിന്‍
അന്‍സില്‍ ഹനീഫ്‌

No comments:

Post a Comment